കണ്ണൂർ: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത് സിപിഎം. 'അമ്പാടിമുക്ക് സഖാക്കൾ; എന്ന പേജിന്റെ അഡ്മിൻ കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെൻ്റർ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
നേരത്തെ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുവെന്ന് മനീഷ് പൊലീസിൽ മൊഴി നൽകിയിരുന്നു. കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെഡ് ബറ്റാലിയൻ എന്ന ഗ്രൂപ്പിൽ നിന്ന് ലഭിച്ച സ്ക്രീൻ ഷോട്ട് ഷെയർ താൻ ചെയ്തെന്നായിരുന്നു മനീഷിന്റെ മൊഴി. പി. ജയരാജനുമായി അടുത്ത ബന്ധമുള്ളയാളാണ് മനീഷ്. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പേജ് അഡ്മിൻ മനീഷ് ആയിരുന്നു.
കാഫിർ സ്ക്രീൻഷോട്ട് വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് അത് ഷെയർ ചെയ്തയാളെ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ എന്നാണ് സമൂഹമാധ്യമത്തിലടക്കം ഉയരുന്ന ചോദ്യം.
The Kafir Man will now lead the CPM in the branch.